ഒരു വോളിബോൾ കളിക്കാരന്റെ കാഴ്ചപ്പാട്
ഒരു വോളിബോൾ കളിക്കാരന്റെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ, ശരീരത്തിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ പോലും ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിചേക്കാം. എന്റെ ജീവിതത്തിലും അങ്ങനെ ഒരു അനുഭവമുണ്ടായിട്ടുണ്ട്. ഇന്ന് ഞാൻ അതിനെ “sugar spike” എന്ന് വിളിക്കുന്നു. പക്ഷേ അന്ന് എനിക്ക് അത് നാലാൾക്കിടയിൽ പ്രസിദ്ധനല്ലാത്ത ഒരു പേരില്ലാത്ത വില്ലനായിട്ടാണ് തോന്നിയത്. അന്നേരം ശരീരം എന്തോ പറയുന്നുണ്ടായിരുന്നു. ഞാൻ അതിന്റെ അർത്ഥം മനസിലാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
എന്റെ ഫിറ്റ്നസ് യാത്ര തുടങ്ങിയത് വോംഅപ്പ്‘ ൽ (warm-up) നിന്നാണ്. മെലിഞ്ഞ ശരീരത്തിൽ നിന്ന് ഒരു ബേസിക് ഫിറ്റ്നസ് ലെവലിലേക്ക് മാറിയപ്പോൾ ഒരു സന്തോഷം ഉണ്ടായി. ശരീരത്തിൽ മാറ്റം വന്നപ്പോൾ മനസ്സിലും മാറ്റം വന്നു. പിന്നെ അത് വെറും ഫിറ്റ്നസ് മാത്രമല്ലാതെയായി. വളരണമെന്നൊരു തോന്നൽ ഉണ്ടായി. കൂടുതൽ നല്ലൊരു ശരീരം വേണം, കൂടുതൽ നല്ലൊരു ലൈഫ് വേണം എന്ന ചിന്ത പതിയെ വന്നു തുടങ്ങിയ കാലം.
പ്ലസ് ടു കാലം എനിക്ക് ഒരുപാട് ഇഷ്ടമുള്ള സമയമാണ്. ആ പ്രായം ഞാൻ നന്നായി ആസ്വദിച്ചു. ക്ലാസ് ഇല്ലാത്ത ദിവസങ്ങൾ, ചിലപ്പോൾ ക്ലാസ് കട്ട് ചെയ്ത് കായലിൽ നീന്താൻ പോകുന്നത്, ഓരോ ദിവസവും പുതിയ പരീക്ഷണങ്ങൾ പോലെ ജീവിച്ചത് — ആ കാലം തന്നെ വേറെയായിരുന്നു. എന്റെ വെബ്സൈറ്റ് ആയ InKerala ( inkerala.co.in ) എന്ന ചിന്തയുടെ പിന്നിലും ആ ദിവസങ്ങളിലെ അനുഭവങ്ങൾക്കൊരു പങ്കുണ്ട്. ഓരോ ദിവസവും എന്തെങ്കിലും പുതിയത് ചെയ്യണം, എന്തെങ്കിലും പഠിക്കണം, എന്തെങ്കിലും അനുഭവങ്ങൾ ഉണ്ടാകണം എന്ന ആ മനോഭാവം അന്നേ തുടങ്ങിയതാണ്.
പിന്നീട് ഞാൻ എനിക്ക് തന്നെ കുറച്ച് കടുപ്പമായി തുടങ്ങി. നല്ലൊരു ബോഡി വേണം എന്ന ആഗ്രഹം കൂടി. ഞാൻ അതിന് മുമ്പേ തന്നെ നല്ല രീതിയിൽ വർക്ക്ഔട്ട് ചെയ്തിരുന്നു. അതുകൊണ്ട് ജിമ്മിൽ പോയാൽ വലിയ വ്യത്യാസമൊന്നുമുണ്ടാകില്ലെന്നാണ് ആദ്യം വിചാരിച്ചത്. പക്ഷേ ജിം എന്നോട് മറ്റൊന്നാണ് പറഞ്ഞത്. വോംഅപ്പ്, കാലിസ്തെനിക്സ്, വെയ്റ്റ് ട്രെയിനിംഗ് — ഏത് വർക്ക്ഔട്ടും ചെയ്യാൻ കഴിയുമെന്ന് എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. എല്ലാം നോർമൽ ആയിരുന്നു. സാധാരണ ദിവസങ്ങൾ പോലെ തന്നെ പോയിക്കൊണ്ടിരുന്നു.
12 മണിയുടെ തുടക്കം
പക്ഷേ ഒരു ദിവസം എന്തോ മാറി.
ആദ്യം ഒരു ചെറിയ വിറയൽ പോലെ തോന്നി. ഞാൻ അതിനെ അധികം ശ്രദ്ധിച്ചില്ല. ഒഴിവാക്കി. പക്ഷേ അത് പതിയെ പതിയെ ഒരു പതിവായി. പന്ത്രണ്ടുമണി ആയാൽ ശരീരത്തിൽ വിറയൽ തുടങ്ങും. അപ്പോൾ ഞാൻ സ്കൂളിലായിരിക്കാം, അല്ലെങ്കിൽ അവധി ദിവസമായാൽ വീട്ടിൽ എന്തെങ്കിലും ചെയ്യുകയായിരിക്കാം. പക്ഷേ സമയം പന്ത്രണ്ടിനടുത്തെത്തുമ്പോൾ ശരീരം വേറെയൊരു രീതിയിൽ പെരുമാറും. അതിനെ സഹിക്കാനാകാതെ വരും. ഒരു ഘട്ടത്തിൽ എന്റെ ടോളറൻസിനെയോ വിൽപവറിനെയോ ഞാൻ തന്നെ സംശയിച്ചു.
അപ്പോഴാണ് ശരീരം തന്ന ഒരു സൂചന ഞാൻ മനസ്സിലാക്കിയത്. പന്ത്രണ്ടു മണി ആകുമ്പോഴേക്കും പഞ്ചസാര കഴിച്ചാൽ അത് കുറയുമെന്നത്. അങ്ങനെ എന്റെ ദിനചര്യയും മാറി. പന്ത്രണ്ടുമണി വരും, വിറയൽ തുടങ്ങും, ഞാൻ പഞ്ചസാര കഴിക്കും, കുറച്ച് സമയത്തിനുള്ളിൽ ആശ്വാസം കിട്ടും. അതിനാൽ ഞാൻ ഷുഗർ കാൻഡികൾ കൈയിൽ വയ്ക്കാൻ തുടങ്ങി. ഒരു മുൻകരുതൽ പോലെ. ലളിതാംബിക അന്തർജനം ഉറങ്ങുമ്പോൾ പഞ്ചസാര കഴിക്കുന്നതുപോലെ, എനിക്ക് ഉച്ചക്ക് പന്ത്രണ്ടുമണി ആയിരുന്നു ആ സമയം — പക്ഷേ എന്റെത് ഉച്ചയ്ക്ക്?. ഓരോരുത്തരും വ്യത്യസ്ഥരാണല്ലോ.
കുറച്ച് ദിവസങ്ങൾ അത് നല്ലതായി തോന്നി. വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരികെ പോകുന്ന പോലെ. വീണ്ടും ദിവസങ്ങൾ ആസ്വദിക്കാൻ തുടങ്ങി. പക്ഷേ അത് അധികനാൾ നിന്നില്ല.
ഒരു ദിവസം എല്ലാം ശരിയായിരുന്നിട്ടും തളർച്ച സഹിക്കാനാകാത്ത അവസ്ഥയായി. എങ്കിലും പരിഹാരം കണ്ടെത്തും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. കൂടുതൽ ഭക്ഷണം കഴിക്കാൻ തുടങ്ങി. ധാരാളം വെള്ളം കുടിച്ചു. വർക്ക്ഔട്ട് കുറച്ചു. ഇലക്കറികളും ഭക്ഷണത്തിൽ കൂട്ടി. പക്ഷേ ഒന്നും മാറിയില്ല. മറിച്ച് തളർച്ച കൂടി. ഞാൻ കൂടുതൽ ക്ഷീണിതനായി.
ഇവിടെ നിങ്ങൾക്ക് ഒരു ചോദ്യം വരാം — “ഡോക്ടറെ കണ്ടില്ലേ?”
കണ്ടു. അതും ഒപ്പം നടന്നുകൊണ്ടിരുന്നു. ഭക്ഷണം, ജ്യൂസ്, മരുന്ന് — എല്ലാം ഉണ്ടായിരുന്നു. പക്ഷേ ആ സമയത്ത് ഞാൻ കഴിച്ചിരുന്ന ചില മരുന്നുകളും എന്റെ ക്ഷീണം കൂടാൻ കാരണമായിരുന്നു എന്ന് പിന്നീട് മനസ്സിലായി.
ഭയത്തിൽ നിന്ന് അന്വേഷണത്തിലേക്ക്
അതിനിടയിൽ ഒരു ട്രിപ്പ് ഉണ്ടായി. വോളിബോൾ കളിച്ചും പരിശീലിച്ചും ഒപ്പം നടന്നിരുന്ന ഒരു സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്ര. അവൻ എനിക്ക് വലിയൊരു പ്രചോദനമായിരുന്നു. എന്റെ പ്രശ്നം “ഷുഗർ സ്പൈക്ക്” എന്ന പേര് അവൻ പറഞ്ഞില്ല. അതിന്റെ മെഡിക്കൽ കാരണവും അവൻ പറഞ്ഞില്ല. അതൊന്നുംകൊണ്ടല്ല, അവന്റെ ജീവിതരീതി, ഫിറ്റ്നസ് സമീപനം, ചില ശീലങ്ങൾ — ഇവയെല്ലാം എന്നെ ചിന്തിപ്പിച്ചു. ഒരു ഫിറ്റ്നസ് ഫ്രീക്കായ അവനും ഞാൻ അനുഭവിക്കുന്നതിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല എന്നൊരു ചെറിയ ഫ്രസ്ട്രേഷൻ എനിക്കുണ്ടായിരുന്നു. പക്ഷേ അതേ ഫ്രസ്ട്രേഷൻ തന്നെയാണ് എന്നെ കൂടുതൽ അന്വേഷിക്കാൻ പ്രേരിപ്പിച്ചത്.
അപ്പോഴാണ് ഒരു വലിയ ചിന്ത മനസ്സിൽ വന്നത്. പന്ത്രണ്ടുമണിക്കുള്ള വിറയൽ പഞ്ചസാര കഴിച്ച് കുറച്ചുസമയം നിയന്ത്രിക്കാമെങ്കിലും, ഇത് തന്നെയാണ് ഞാൻ തുടർന്നുകൊണ്ടുപോകുന്ന വഴി എങ്കിൽ ഒരു ദിവസം അത് എന്നെ മറ്റൊരു വലിയ പ്രശ്നത്തിലേക്ക് കൊണ്ടുപോകും. ഷുഗർ സ്പൈക്ക് ഒരു ചെറിയ കുന്നാണെങ്കിൽ, പ്രമേഹം ഹിമാലയം പോലെയായിരിക്കും എന്നൊരു ഭയം വന്നു. ആ വിഷമത്തിൽ നിന്നാണ് ഞാൻ നിയന്ത്രണങ്ങൾ വിട്ടുതുടങ്ങിയത്. പ്ലാനുകൾ എല്ലാം തകർന്നു. ഷുഗർ കാൻഡി കൈയിൽ വയ്ക്കുന്നത് നിർത്തി. രാവിലെ ചായ കുടിക്കുന്നതും നിർത്തി.
അന്ന് മുതൽ ഞാൻ പന്ത്രണ്ടുമണിക്കായി കാത്തിരുന്നത് പതിവുപോലെ അല്ല, ഭയത്തോടെ ആയിരുന്നു. പന്ത്രണ്ടായി. ഒന്നുമില്ല. ഒന്നരയായി. ഒന്നുമില്ല. നാലായി. വിശന്നിരുന്നിട്ടും ഒന്നുമില്ല.
അപ്പോൾ എനിക്ക് ഒരു പുതിയ കാര്യം മനസ്സിലായി. ഞാൻ ഇത്രയും കാലം ‘വില്ലൻ’ എന്ന് കരുതിയിരുന്നത് സധാ ഉറങ്ങിക്കിടക്കുന്നവനെയാണ്. ഞാൻ തന്നെ അതിനെ എഴുന്നേൽപ്പിക്കുകയായിരുന്നോ എന്ന് സംശയം വന്നു. അങ്ങനെ ഞാൻ മറ്റൊരു വഴിയിലേക്ക് തിരിഞ്ഞു — വിശപ്പ്. ചിലപ്പോൾ ഭക്ഷണം ഒഴിവാക്കൽ. അതാണ് എനിക്ക് താൽക്കാലിക പരിഹാരമായി തോന്നിയത്. ആ ‘വില്ലനെ’ ഉറക്കിക്കിടത്താനുള്ള ഒരു മാർഗം പോലെ. അത് ശെരിയായിരുന്നു.
പക്ഷേ അതും എത്രകാലം? ആരോഗ്യമുള്ള ശരീരത്തിന് ഭക്ഷണം വേണമല്ലോ. അപ്പോഴാണ് മമ്മൂട്ടിയുടെ ഒരു അഭിമുഖം ഓർമ്മ വന്നത്. വളരെ കുറച്ച് ഭക്ഷണം കഴിച്ചിട്ടും എങ്ങനെ ഒരാൾ ഫിറ്റായി തുടരുന്നു എന്ന് ഞാൻ ആലോചിച്ചു. ഞാൻ വീണ്ടും പരീക്ഷണം തുടങ്ങി. ഈ പ്രാവശ്യം രാവിലെ മുതൽ രാത്രി വരെ ഭക്ഷണം ക്രമമായി കഴിക്കാൻ തുടങ്ങി. സ്നാക്സും ഉൾപ്പെടുത്തി. അങ്ങനെ ചെയ്തപ്പോൾ ആ ‘വില്ലൻ’ വീണ്ടും വന്നു. വീണ്ടും വിറയൽ, വീണ്ടും ക്ഷീണം. അതോടെ എനിക്ക് ഉറപ്പായി — ദിനം ചെയ്യുന്ന പക്ഷെ അറിയാതെ പോയ എന്തോ ഒന്നാണ് ഇതിന് പിന്നിൽ. അത് കണ്ടെത്താതെ മുന്നോട്ടു പോകാൻ ഞാൻ തയ്യാറായിരുന്നില്ല.
ചായ നിർത്തിയ ദിവസം
അപ്പോഴാണ് വീണ്ടും ആ സുഹൃത്ത് മനസ്സിൽ വന്നത്. ‘ചായ’ കുടിക്കാത്ത ആ ഫിറ്റ്നസ് ഫ്രീക്ക്. അവന്റെ വീട്ടിലും ചായക്ക് അത്ര പ്രാധാന്യമില്ല. ഞാൻ ചായ ചോദിച്ചാൽ തന്നെ എന്തോ തെറ്റായ കാര്യം ചെയ്തതുപോലെ തോന്നുമായിരുന്നു. ആദ്യം അത്ഭുതം തോന്നി. പിന്നെ ഒരുദിവസം അവൻ പറഞ്ഞു — “ചായ കുറയ്ക്കണം. അതിലെ കഫീൻ നിന്റെ ശരീരത്തിന് അത്ര നല്ലതാകില്ല.” അത് കേട്ടപ്പോൾ ഞാൻ വിചാരിച്ചു, ഇത് കൂടി ഒന്ന് പരീക്ഷിക്കാം.
അടുത്ത ദിവസം മുതൽ ചായ നിർത്തി. സത്യത്തിൽ അത് എളുപ്പമല്ലായിരുന്നു. നല്ല അളവിൽ പഞ്ചസാരയും പാൽപ്പൊടിയും ചേർന്ന ചായ എനിക്ക് ദിവസത്തിന്റെ ഒരു പോസിറ്റീവ് തുടക്കമായിരുന്നു. അതായിരുന്നു എനിക്ക് എനർജി തരുന്ന ഒന്നെന്ന് ഞാൻ കരുതിയിരുന്നത്. പക്ഷേ ഞാൻ അത് ഉപേക്ഷിച്ചു. ആദ്യം കുറച്ച് ദിവസത്തേക്കാണ് എന്ന് വിചാരിച്ചു. പക്ഷേ അവിടെ നിന്നാണ് മാറ്റം തുടങ്ങിയത്.
അവിടെ നിന്നാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം മനസ്സിലായത്. രാവിലെ വെറും വയറ്റിൽ ഞാൻ ആദ്യം ശരീരത്തിലേക്ക് കൊടുക്കുന്നത് പഞ്ചസാരയായിരുന്നു. ആദ്യം അത് എനിക്ക് എനർജിയും സന്തോഷവും തരുന്ന പോലെ തോന്നും. പക്ഷേ അത് നീണ്ടുനിൽക്കില്ല. കുറച്ച് സമയം കഴിഞ്ഞാൽ ക്ഷീണം വരും. വിറയൽ വരും. ശരീരം മുഴുവൻ ഒരു അസ്വസ്ഥത. അങ്ങനെ എന്റെ സിസ്റ്റം തന്നെ കുഴഞ്ഞുപോകും.
വില്ലനെ പിന്നിലാക്കി
പ്ലസ് ടു കാലത്ത് തുടങ്ങി എന്നെ പിന്തുടർന്ന ആ അനുഭവം ഇന്നും ഞാൻ മറന്നിട്ടില്ല. പക്ഷേ ഒരു കാര്യം പറയാം — അന്നത്തെ പോലെ ഇന്നില്ല. പിന്നീട് ഇന്നുവരെ ഞാൻ ആ വില്ലനെ കണ്ടിട്ടുമില്ല. അത് ഒരുദിവസം കൊണ്ട് നടന്നതല്ല. എന്റെ ശരീരം എന്താണ് പറയുന്നത് എന്ന് കേട്ടാണ് ഞാൻ അത് മനസ്സിലാക്കിയത്. എന്ത് ഭക്ഷണം, എപ്പോഴാണ് ഭക്ഷണം, പഞ്ചസാര എങ്ങനെ ബാധിക്കുന്നു,— ഈ കാര്യങ്ങൾ എല്ലാം ഞാൻ എന്റെ അനുഭവത്തിൽ നിന്ന് പഠിച്ചതാണ്.
ഇത് വെറും ഷുഗറിന്റെ കഥയല്ല. ഇത് ശരീരം നമ്മളോട് പറയുന്ന കാര്യങ്ങൾ കേൾക്കാൻ പഠിക്കുക എന്ന കഥയാണ്. ചിലപ്പോൾ നമ്മുടെ ശരീരം തന്നെ നമുക്ക് ഏറ്റവും വലിയ അധ്യാപകനാകും. അതിനെ കേൾക്കാൻ നമുക്ക് ക്ഷമ ഉണ്ടെങ്കിൽ, പല ഉത്തരങ്ങളും അതിനുള്ളിലുണ്ട്.
കുറിപ്പ്: ഇത് എന്റെ വ്യക്തിപരമായ അനുഭവമാണ്. എനിക്ക് ഡോക്ടർമാർ പറഞ്ഞ നിർദേശങ്ങളും, ഞാൻ ചെയ്ത മാറ്റങ്ങളും ചേർന്നാണ് ഈ തിരിച്ചറിവ് വന്നത്. ശരീരത്തിൽ ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ സ്വയം ചികിത്സയ്ക്ക് പകരം ഡോക്ടറുടെ നിർദ്ദേശം തേടുന്നതാണ് നല്ലത്.




